28-January-2024 -
By. Business Desk
കൊച്ചി: ശിശുരോഗ വിദഗ്ദരുടെ സംഘടനയായ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്(ഐ.എ.പി)ന്റെ ദേശീയ സമ്മേളനം 'പെഡിക്കോണ്‍-2024 'കേരളത്തിന്റെ ടൂറിസം അടക്കമുള്ള വിവിധ മേഖലകള്‍ക്ക് സമ്മാനിച്ചത് വന്‍ സാമ്പത്തിക നേട്ടമെന്ന്് വിലയിരുത്തല്‍.രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏഴായിരത്തിലധികം ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളുമടക്കം ഇരുപതിനായിരത്തിലധികം പേരാണ് നാലു ദിവസമായി കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിത്.ഇത് കൊച്ചിയുടെയും ആലപ്പുഴ,കുമരകം,മൂന്നാര്‍ അടക്കമുളള വിനോദ സഞ്ചാരമേഖലകള്‍ക്കും ഹോട്ടലുകള്‍,മാളുകള്‍ അടക്കമുള്ള ഷോപ്പിംഗ് കേന്ദ്രങ്ങള്‍ക്കും കൊച്ചി മെട്രോ, വാട്ടര്‍മെട്രോ, ഓട്ടോ,ടാക്‌സി മേഖലകള്‍ക്കും വലിയ തോതില്‍ ഗുണകരമായെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിയുടെ ഗതാഗതത്തെ ബാധിക്കാതെ മറൈന്‍ഡ്രൈവില്‍ നിന്നും ബോള്‍ഗാട്ടി വരെ വാട്ടര്‍ മെട്രോയിലും അവിടെ നിന്നും ഇ ഓട്ടോകളിലും ടാക്‌സികളിലുമാണ് പ്രതിനിധികളെ സമ്മേളനവേദിയായ ഗ്രാന്റ് ഹയാത്തില്‍ എത്തിച്ചത്.രാവിലെ ഏഴര മുതല്‍ രാത്രി 11.30 വരെ 15 മിനിറ്റ് ഇടവിട്ട് വാട്ടര്‍മെട്രോ സര്‍വ്വീസ് നടത്തി.
പേപ്പര്‍ രഹിതമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനമെന്ന ബഹുമതിയും പെഡിക്കോണ്‍-2024 സ്വന്തമാക്കി. സമ്മേളന നടത്തിപ്പിനായി പ്രത്യേക ആപ്പ് രൂപ കല്‍പ്പന ചെയ്തിരുന്നു.ഗതാഗതം,പാര്‍ക്കിംഗ്,സമ്മേളന വേദികള്‍, വിഷയങ്ങള്‍, ഫാക്കല്‍റ്റികള്‍ അടക്കം മുഴുവന്‍ വിവരങ്ങളും ഒറ്റക്ലിക്കില്‍ പ്രതിനിധികള്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് ആപ്പ് രൂപ കല്‍പ്പന ചെയ്തിരുന്നത.് യുവഎന്‍ജിനീയര്‍മാരായ പ്യാരേലാല്‍, അനന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള കൊക്കൊ എന്ന സാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പ് നിര്‍മ്മിച്ചത്. രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ശീതീകരിച്ച പന്തലാണ് സമ്മേളനത്തിനായി ഹയാത്തില്‍ ഒരുക്കിയിരുന്നത്.ആയിരത്തിലധികം തൊഴിലാളികള്‍ രണ്ടാഴ്ചയോളം സമയമെടുത്താണ് പന്തല്‍ നിര്‍മ്മിച്ചത്.
സമ്മേളനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് മുതല്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് ഗ്രാന്റ് ഹയാത്ത് മാനേജര്‍ നിബു മാത്യു പറഞ്ഞു.ഏറ്റവും മികച്ച രീതിയില്‍ സമ്മേളനം നടത്തുകയെന്നതായിരുന്നു ലക്ഷ്യം.ഫുഡ് ആന്റ് ബിവറേജ് മേഖലയായിരുന്നു ഏറ്റവും പ്രധാനം.വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ ഭക്ഷണ രീതകളും വ്യത്യസ്തമായിരിക്കും. അവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള അവരുടേതായ വിഭവങ്ങള്‍ ഒരുക്കി നല്‍കുന്നതിനായി ഹയാത്തിന്റെ പ്രത്യേക ഷെഫുമാരുടെ സംഘത്തെയാണ് നിയോഗിച്ചത്.ഇന്ത്യയൊട്ടാകയുള്ള ഹയാത്തിന്റെ ഹോട്ടലുകളില്‍ നിന്നായി എത്തിച്ച 300 ലധികം സ്‌പെഷ്യലിസ്റ്റുകളായ ഷെഫുമാര്‍ ആണ് ഭക്ഷണം ഒരുക്കിയത്. ഇവരെ സഹായിക്കാന്‍ 300 പേരടങ്ങുന്ന മറ്റൊരു സംഘവും ഉണ്ടായിരുന്നു.ഒരോ ദിവസവും ഓരോ നേരവും വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് സമ്മേളന പ്രതിനിധികള്‍ക്കും ഗസ്റ്റുകള്‍ക്കുമായി ഒരുക്കിയത്.ഒരോ വിഭവവും ലാബ് പരിശോധന നടത്തി ഉറപ്പു വരുത്തിയതിനു ശേഷമാണ് വിളമ്പിയിരുന്നത്.
ഹൗസ് കീപ്പിംഗ് മേഖലയില്‍ ഹയാത്തിലെ ജീവനക്കാര്‍ കൂടാതെ ക്ലിനിംഗ് അടക്കമുള്ളവയ്ക്കായി പുറത്തു നിന്നും നൂറിലധികം ആളുകളെയും നിയോഗിച്ചിരുന്നു.സമ്മേളന വേദിയിലടക്കം ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലും ഏകദേശം 200 ഓളം പേര്‍ ജോലിയെടുത്തു.ട്രാഫിക്ക് നിയന്ത്രണത്തിനായി 60 ഓളം പേരെയും പ്രത്യേകമായി നിയോഗിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ മേഖലകളിലായി ഏകദേശം ആയിരത്തോളം പേരുടെ പ്രയ്തനമായിരുന്നു സമ്മേളനത്തിന്റെ മൊത്തത്തിലുളള വിജയത്തിന്റെ പിന്നിലെന്നും നിബു മാത്യു പറഞ്ഞു. വലിയ തോതില്‍ കൊച്ചിയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചാല്‍ അത് കൊച്ചിക്കുള്‍ക്കൊള്ളാന്‍ സാധിക്കുമോയന്ന ആശങ്ക തുടക്കത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരിന്നുന്നുവെന്നും എന്നാല്‍ മികച്ച മുന്നൊരുക്കം ഉണ്ടായാല്‍ എത്രവലിയ സമ്മേളനം നടത്താനും കൊച്ചി പര്യാപ്തമാണെന്ന് പെഡിക്കോണ്‍-2024 തെളിയിച്ചുവെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സച്ചിദാനന്ദ കമ്മത്ത്, സെക്രട്ടറി ഡോ. എം നാരായണന്‍, ട്രഷറര്‍ ഡോ. എം.ഐ ജുനൈദ് റഹ്മാന്‍ എന്നിവര്‍ പറഞ്ഞു.